Society Today
Breaking News

കൊച്ചി:  കേരളത്തില്‍ ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ് ളുവെന്‍സ അടക്കമുള്ള  വൈറല്‍ പനികളും എലിപ്പനിയും പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ)  കൊച്ചി ഘടകം.മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി,എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ് ളുവെന്‍സ അടക്കമുള്ള  വൈറല്‍ പനികള്‍, എലിപ്പനി എന്നിവ കേരളത്തില്‍ വ്യാപകരമായി പടരുകയാണെന്ന് ഐ.എം.എ സയന്റിഫിക്ക് അഡൈ്വസര്‍ ഡോ.രാജീവ് ജയദേവന്‍,കൊച്ചിന്‍ ഐ.എം.എ  പ്രസിഡന്റ് ഡോ.എസ് ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍, മുന്‍ പ്രസിഡന്റുമാരായ ഡോ  സണ്ണി പി. ഓരത്തേല്‍,ഡോ. മരിയ വര്‍ഗീസ് എന്നിവര്‍ വ്യക്തമാക്കി.

നിരവധി രോഗികളാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടി എത്തുന്നത്. പലരും അഡ്മിറ്റ് ആവുന്നു. എറണാകുളത്താണ് ഏറ്റവും അധികം രോഗികള്‍. മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് രോഗമാണ് ഡെങ്കിപ്പനി.പകല്‍ സമയത്ത് വ്യാപകമായി മനുഷ്യരെ ഓടിച്ചിട്ടു കടിക്കുന്ന ഈഡീസ് ഇനത്തില്‍ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഇവ മുട്ടയിടുന്നത് ഉപ്പില്ലാത്ത വെള്ളത്തിലാണ്. മഴവെള്ളം എവിടെ കെട്ടിക്കിടന്നാലും കൊതുകുകള്‍ അവിടെ മുട്ടയിടും. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടി വെള്ളത്തിന്റ ഒഴുക്ക് തടസ്സപ്പെട്ട് അടഞ്ഞു കിടക്കുന്ന ഓടകള്‍ മുതല്‍ അകത്തളങ്ങളില്‍ ഉളള ഫ് ളവര്‍ വേസുകളില്‍, പൂച്ചട്ടികള്‍, പറമ്പില്‍ ഉളള പ്ലാസ്റ്റിക് കുപ്പികള്‍, മരപ്പൊത്തുകള്‍ ഇവിടെയെല്ലാം ഈ കൊതുകിന് മുട്ടയിടാനാകും. പ്ലാസ്റ്റിക് മാലിന്യം മൂലമുളള ഹോര്‍മോണ്‍ വ്യതിയാനം കൊതുകിന്റെ പ്രജനനശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ത്ിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നടത്തിയ പഠനമാണ് ലോകത്തിന് തെളിയിച്ചു കൊടുത്തത്. ഒരിക്കല്‍ രക്തം കുടിക്കാനായാല്‍ ഒരൊറ്റ കൊതുകിന് മുട്ടയിട്ട് നൂറുകകക്കിന് കൊതുകകളെ ഉല്‍പാദിപ്പിക്കാന്‍ വെറും പത്തു ദിവസം മതി. അതിനാല്‍ ഇതിന് അകത്തളങ്ങളില്‍ പ്രവേശിക്കാനും കടിക്കാനും മുട്ടയിടാനുമുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കണം.

സൗത്ത് അമേരിക്കന്‍ രാജ്യമായ പെറുവില്‍ ഡെങ്കിപ്പനി മൂലം  അടിയന്തിരാവസ്ഥ പ്രഖാപിച്ചിരിക്കുകയാണ്. ചെറിയ ജീവിയാണെന്നു കരുതി ഇത് നിസ്സാരമായെടുക്കരുത്. ജീവിയുടെ വലിപ്പത്തിലല്ല, സംഖ്യാബലത്തിലാണ് കാര്യം. മാത്രമല്ല, നാലു തരം ഡെങ്കി വൈറസ് (sertoype) ഉള്ളതിനാല്‍ ആവര്‍ത്തിച്ച് വരാനിടയുണ്ട്, രണ്ടാമത് വരുന്നതാണ് കൂടുതല്‍ കഠിനം, ചിലപ്പോള്‍ ഗുരുതരമാകാറുമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.പുറത്തു ജോലി ചെയ്യുന്നവര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇടുന്നത് ഗുണം ചെയ്യും. കൊതുക് അകത്തു കടക്കാതെ നെറ്റ് വയ്ക്കുന്നതു നല്ലതാണ്. ഓടകള്‍ വൃത്തിയാക്കണം, കൊതുകിന്റെ ലാര്‍വ നശിപ്പിക്കാന്‍ മരുന്നും തളിക്കണം. വീട്ടു പരിസരത്തിലുള്ള ചെറുതും വലുതുമായ വെള്ളക്കെട്ട് പതിവായി കണ്ടെത്തി ഒഴിവാക്കുന്നതും നമ്മുടെ ഓരോരുത്തരുടെയും ചുമതലയാണ്. കിഴക്കന്‍ മേഖലകളില്‍ ഡെങ്കിയും ഇന്‍ഫ് ളുവെന്‍സയും ഒരേ സ്ഥലത്ത് ധാരാളമായി കാണപ്പെടുന്നു. ഒരു രോഗിയില്‍ മേല്‍പ്പറഞ്ഞ ഒന്നിലധികം രോഗങ്ങള്‍ ഒരേ സമയത്തുണ്ടായാല്‍ കൂടുതല്‍ ആപത്താണ്. വായുസഞ്ചാരം കുറവുള്ള, തിരക്കുള്ള അകത്തളങ്ങളില്‍ മാസ്‌ക് വയ്ക്കുന്നത് വായുവിലൂടെ പകരുന്ന ഇന്‍ഫ് ളുവെന്‍സ ഒഴിവാക്കാന്‍ ഉപകരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Top